Tuesday, 3 March 2026

ഈ ബ്ലോഗിന്റെ ലക്ഷ്യം

ഇരുപ്പക്കാട്ട് കുടുംബത്തിന്റെ ചരിത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിക്കുകയും ചരിത്രനിർമ്മാണകമ്മറ്റി ജന. കൺവീനറായിരിക്കുകയും ചെയ്തിട്ടുണ്ട്. മാടപ്പാട്ടും കുഴിക്കാട്ടും സഹോദര കുടുംബങ്ങളാണ്, എല്ലാവരെയും ഉൾക്കൊള്ളിച്ചായിരുന്നു  ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചതും. മൂല കുടുംബം മാടപ്പാട്ടാണെന്ന് അറിയാമായിരുന്നെ ങ്കിലും, പിന്നോട്ട് അന്വേഷണം നടത്തുന്നതിനെപ്പറ്റി ആരും ചിന്തിച്ചില്ല. ഒരു കാരണം, ഉള്ള ബന്ധങ്ങൾ ശരിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു എല്ലാവരും. 300 ഓളം കുടുംബങ്ങളുടെയും അതിലെ അംഗങ്ങളുടെയും സ്ഥിതിവിവരങ്ങൾ വള്ളിപുള്ളി വ്യത്യാസം വരാതെ അടുക്കി യൊരുക്കുകയെന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. ഈ കാരണം, മാടപ്പാട്ടുമായി ബന്ധപ്പെട്ട എല്ലാ കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും അവരെല്ലാം തന്നെ 1800 മുതലുള്ള വംശാവലി തയ്യാറാക്കിയിട്ടുണ്ട്. 

മാടപ്പാട്ട് വീട്ടുപേരിൽ അറിയപ്പെടുന്ന ധാരാളം വീട്ടുകാർ കേരളത്തിന്റെ പല പ്രദേശങ്ങളിലും ഉണ്ട്, അതിൽ ക്രിസ്ത്യാനികൾ അല്ലാത്തവരുമുണ്ട്. ക്രിസ്ത്യാനികളിൽ തന്നെ വിവിധ വിഭാഗങ്ങളിലും, വിശ്വാസ ക്രമങ്ങളിലും ഉള്ളവരുണ്ട്. മൂലകുടുംബം മാടപ്പാട്ടായിട്ടുള്ള ധാരാളം മറ്റുകുടുംബങ്ങളുമുണ്ട്. പലർക്കും മൂലകുടുംബം മാടപ്പാട്ടാണെന്ന് അറിയുകയും ചെയ്യാം. 1700കളിൽ മാടപ്പാട്ടുകാർ ഏറ്റവും അധികം കേന്ദ്രീകരിച്ചിരുന്ന തെക്കുംകൂർ രാജ്യത്തെപ്പറ്റി പഠിച്ചപ്പോൾ വളരെ ആഭിജാത്യമുള്ള ഒരു കുടുംബമാണ് മാടപ്പാട്ടെന്ന് കാണുന്നു. തെക്കുംകൂർ രാജാവിന്റെ കൊട്ടാരവുമായി മാത്രമല്ല, മീനച്ചിൽ ഭരിച്ച ഞാവക്കാട്ട് കർത്താക്കന്മാരുമായും ആനിക്കാട് ദേശം ഭരിച്ച അമ്പഴത്തിങ്കൽ കർത്താക്കന്മാരുമായൊക്കെ അടുത്ത ബന്ധം പുലർത്തിയവരായിരുന്നു നമ്മുടെ പൂർവികർ എന്നു കാണുന്നു. ഇതൊരു വലിയ കൂട്ടായ്മയാണെന്നും കാണാവുന്നതേയുള്ളു. 

90 ഓളം വിവിധ കുടുംബപ്പേരുകളിലായി  മാടപ്പാട്ട് വീട്ടുകാർ ഇവിടെ ഉണ്ടെന്നാണ്‌ കരുതപ്പെടുന്നത്. എല്ലാ നിഗമനങ്ങളും ശരിയായിരിക്കണമെന്നുമില്ല. മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ ഒരു ഏകോപനം ആവശ്യമാണ്. മാടപ്പാട്ട് (പാമ്പാടി) ശ്രീ എം ടി കുര്യാക്കോസും, വായ്പ്പൂർ മാടപ്പാട്ട് ശ്രീ ജിജിൻ തോമസുമൊക്കെ ഇപ്പോഴും ചരിത്രാന്വേഷണം നടത്തുന്നു. 

ഇവിടെ, ഒരു മാടപ്പാട്ട് മഹാകുടുംബ യോഗത്തിന്റെ  സാധ്യതയെപ്പറ്റി ചിന്തിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ, 
വായ്മൊഴിയായി കേട്ടിരിക്കുന്ന കഥകൾക്ക് തെളിവുകൾ നിരത്താൻ നമുക്ക് കഴിയും. ഒരു സംശയവും വേണ്ട! 

നമ്മുടെ കുടുംബചരിത്രം കൂടുതൽ പഠനത്തിന് വിധേയമാക്കുക, സാംസ്കാരികമായും ബൗദ്ധികമായുമുള്ള വ്യക്തികളുടെ വളർച്ചയ്ക്കത് കാരണമാകുക ഇതൊക്കെയാണ് ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. കൂടുതൽ ആളുകൾ ഈ കൂട്ടായ്മയിലേക്ക് വരുന്നതിനനുസരിച്ച് ഇതിന് ചുമതലപ്പെട്ട ഭാരവാഹികളെ നമുക്ക് തിരഞ്ഞെടുക്കാം, ചെയ്യേണ്ട കർമ്മപദ്ധതികൾക്ക് രൂപവും കൊടുക്കാം. ഈ ചിന്തയ്ക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയ വായ്പ്പൂർ മാടപ്പാട്ട് ശ്രീ ജിജിൻ തോമസിനും, സമഗ്രമായ ഒരു കൂട്ടായ്മ സ്വപ്നം കാണുന്ന മാടപ്പാട്ട് (വാഴൂർ)  തോമസച്ചനും പ്രത്യേകം നന്ദി.

ഒരു തുടക്കമെന്ന നിലയിൽ തുടങ്ങിയതാണ് ഈ ബ്ലോഗ്. അംഗങ്ങൾക്ക് യഥേഷ്ടം പോസ്റ്റുകൾ ഇടാനും  അഭിപ്രായം പറയാനുമുള്ള സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. ഇതിന് പ്രത്യേക വാർഷിക ഫീസും പ്രവർത്തന ചിലവും ഒന്നുമില്ല. ഒരു വെബ്‌സൈറ്റിന്റെ എല്ലാ സവിശേഷതകളുമുണ്ട് താനും. 

മാടപ്പാട്ട് കൂട്ടായ്മയുടെ ബന്ധപ്പെട്ട എല്ലാവർക്കും സ്വാഗതം! 
കൂടുതൽ വിവരങ്ങൾക്ക്, ശ്രീ ജിജി തോമസ്  മാടപ്പാട്ടിനെ (കുളത്തൂർ മൂഴി) ബന്ധപ്പെടുക ഫോൺ:
 +91 94953 24517 

സസ്നേഹം 
ജോസഫ് മറ്റപ്പള്ളി, ഇളങ്ങുളം 
ഫോൺ : 9495875338

1 comment: